കൊച്ചി: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധനകൾക്കെതിരെ വിമർശനവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ബസ്സുടമകളെ പീഡിപ്പിക്കുന്നത് തുടർന്നാൽ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്.
ഡീസൽ വില വർധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസുടമകൾ വലിയ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ട്. സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ തട്ടിയെടുത്ത കമ്പനികൾ റിപ്പയർ ചെയ്യാനുള്ള സർവീസ് സെന്റർ പോലും അവശേഷിപ്പിക്കാതെ കടകൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണെന്നും ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പിനെതിരെയും ഫെഡറേഷൻ വിമർശനം ഉന്നയിച്ചു.
ഒന്നരക്കോടി വാഹനങ്ങൾ ഉള്ള കേരളത്തിൽ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന ഗതാഗത വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണ്. പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്നും ഫെഡറേഷൻ കുറ്റപ്പെടുത്തി.

