ന്യൂഡൽഹി: യുക്രൈനിൽ സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യ. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിൽ ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തു. യുക്രൈനിലുണ്ടായ റഷ്യൻ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്.
യുക്രൈനിൽ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും സാധാരണ പൗരന്മാരുടെ മരണവും ആശങ്കപ്പെടുത്തുന്നതാണ്. പരസ്പരമുള്ള വിരോധം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സമവായചർച്ചയുടേയും പാതയിലേക്ക് എത്രയും വേഗം മടങ്ങാനും തങ്ങൾ അഭ്യർത്ഥിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. പ്രശ്നപരിഹാരം ലക്ഷ്യം വെച്ചുള്ള എല്ലാ ശ്രമങ്ങളെല്ലാം പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നു.
മൂന്ന് മാസങ്ങൾക്ക് ശേഷം ആദ്യമായാണ് കീവിൽ റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിൽ തകർന്നതിന് പിന്നാലെയായിരുന്നു കീവിൽ ആക്രമണം നടന്നത്.

