വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍; നയന്‍താര-വിഘ്നേഷ് ശിവന്‍ താരദമ്പതികള്‍ക്കെതിരെ അന്വേഷണം

നയന്‍താര – വിഘ്നേഷ് ശിവന്‍ താരദമ്പതികള്‍ക്കു വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. മെഡിക്കല്‍ സര്‍വീസ് ഡയറക്ട്രേറ്റാണ് അന്വേഷണം നടത്തുക. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നാണ് നിയമം. നയന്‍താരയും വിഘ്നേഷ് ശിവനും നാല് മാസം മുന്‍പാണ് വിവാഹിതരായത്. 21 വയസ്സ് കഴിഞ്ഞവര്‍ക്കും 36 വയസ്സിന് താഴെയുള്ളവര്‍ക്കുമാണ് വാടക ഗര്‍ഭധാരണത്തിന് അനുവാദമുള്ളത്. ഇന്ത്യയില്‍ വാണിജ്യ വാടക ഗര്‍ഭധാരണത്തിന് നിരോധനവും നിലവിലുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വാര്‍ത്ത വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍, വാടകഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നത് എന്ന് താരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.