മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സർക്കാരല്ല; കണക്കുകൾ ആവശ്യപ്പെട്ടാൽ പുറത്തുവിടുമെന്ന് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ കുടുംബം ഒപ്പം പോകുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് യാത്രയിൽ അദ്ദേഹത്തിന്റെ കുടുംബം ഒപ്പം പോകുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്രാ ചെലവ് സർക്കാർ അല്ല വഹിക്കുന്നതെന്നും ഇത് സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ടാൽ സർക്കാർ പുറത്തുവിടുമെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി വിദേശ പര്യടനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കൂടെ പോകും. ഇന്ത്യൻ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നുണ്ട്. അദ്ദേഹത്തിന് ഭാര്യയെ കൊണ്ടുപോകണം എന്ന് വിചാരിച്ചാൽ സാധിക്കുമോയെന്നും ആനത്തലവട്ടം ആനന്ദൻ ചോദിക്കുന്നു. മൻമോഹൻ സിംഗ് യാത്ര പോയപ്പോൾ ഭാര്യയെ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് അല്ലാതെ പാർട്ടി പരിപാടിക്ക് അല്ല. അതുകൊണ്ട് ചെലവ് സംബന്ധിച്ച് വിവരങ്ങൾ രേഖപ്രകാരം ആവശ്യപ്പെട്ടാൽ സർക്കാർ ലഭ്യമാക്കും. സുധാകരനോ മറ്റുള്ളവർക്കോ ചെലവ് സംബന്ധിച്ച കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം സർക്കാരിനോട് ചോദിക്കാം. കൃത്യമായ കണക്കുകൾ ലഭിക്കും. കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ സുധാകരൻ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സ്ഥാനത്തിന് ഉചിതമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.