ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം; നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്നും ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്നും ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

‘നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം. ഉടനടി ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. ഫ്‌ലാഷ് ലൈറ്റും ഡിജെ സംവിധാനവുമുള്ള ബസ്സുകളില്‍ വിനോദയാത്ര പോകേണ്ടതില്ല. രക്ഷിതാക്കളുടെ നിലവിളി ആര് കേള്‍ക്കും?’- കോടതി ചോദിച്ചു.

അതേസമയം, നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോയാല്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കെതിരെയും ചുമതലക്കാരായ ടീച്ചേഴ്‌സിനെതിരെയും നടപടി എടുക്കണം. നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും, കര്‍ശന നടപടി എടുക്കണം. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണം. നിയമ വിരുദ്ധമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.