എന്.ഐ.എ രജിസ്റ്റര് ചെയ്ത കേസില് പോപ്പുലര് ഫ്രണ്ട് നേതാവ് ഇ. അബൂബക്കര് ജാമ്യം തേടി ഡല്ഹി ഹൈക്കോടതിയില്. കാന്സര് രോഗബാധിതനായതിനാല് ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി ജാമ്യം നല്കണമെന്നാണ് ആവശ്യം. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടെന്നും അതിനാല് ഇനി ജയിലില് തുടരേണ്ട സാഹചര്യമില്ലെന്നും ഹര്ജിയില് പറയുന്നു.
അതേസമയം, തടവില് കഴിയുന്ന സക്കരിയയുടെ മാതാവ് ബിയുമ്മ സമര്പ്പിച്ച യു.എ.പി.എ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്ജിയില് കേന്ദ്രസര്ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ഹര്ജിയും ഫയലില് സ്വീകരിച്ചു. യു.എ.പി.എയ്ക്ക് എതിരായ കേസ് 18 ന് വീണ്ടും പരിഗണിക്കും.
1992ല് പിഎഫ്ഐയുടെ മാതൃസംഘടനയായ നാഷണല് ഡെവലപ്മെന്റ് ഫ്രണ്ട് സ്ഥാപിച്ച് നടത്തിവന്ന അന്നത്തെ യുവനേതാക്കളായിരുന്നു എന്ഐഎ അറസ്റ്റ് ചെയ്ത പി. കോയ, ഇ. അബൂബക്കര്, ഇ.എം അബ്ദുള് റഹ്മാന് എന്നിവര്. എന്ഡിഎഫിന്റെയും പിന്നീട് പിഎഫ്ഐയുടെയും വളര്ച്ചയില് അബൂബക്കറിന്റെ നിര്ണായക സാന്നിദ്ധ്യമുണ്ടെന്നാണ് എന്.ഐ.എയുടെ കണ്ടെത്തല്. നിലവില് 20 ഇന്ത്യന് സംസ്ഥാനങ്ങളിലാണ് പി.എഫ്.ഐ സാന്നിധ്യമുള്ളത്.

