കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി വ്യക്തമാക്കുന്നത്. അതേസമയം, എൻഫേഴ്സ്മെന്റ് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.
ഇഡി സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ഐസക്ക് ഹർജി സമർപ്പിച്ചിട്ടുള്ളത്. താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തോമസ് ഐസക്ക് ഹർജിയിൽ പറയുന്നു. അതേസമയം, റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹർജിയിൽ വ്യക്തമാക്കുന്നത്. കിഫ്ബി ഹർജിയിൽ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനുള്ള അധികാരം ഇഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നുമുള്ള വാദവും കിഫ്ബി ഉന്നയിക്കുന്നു.
തോമസ് ഐസക് കിഫ്ബിക്കെതിരായ ഫെമ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. തോമസ് ഐസക് തെറ്റായ വിവരങ്ങൾ ഇഡിയ്ക്കെതിരെ ഉന്നയിക്കുന്നുണ്ടെന്നും ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

