തിരുവനന്തപുരം: എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കോർപറേഷൻ നടപടിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ്സ് വിഭാഗം ചീഫ് എൻജിനീയറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്.
തിരുവനന്തപുരം നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കോർപറേഷന്റെ നടപടി വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി കോർപ്പറേഷൻ സ്വകാര്യ ഹോട്ടലിന് നൽകിയിരിക്കുന്നത്.
മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എംജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് റോഡ് വാടകയ്ക്ക് നൽകാൻ തീരുമാനമെടുത്തത്. 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും ഒപ്പുവെയ്ക്കുകയും ചെയ്തു. റോഡ് സുരക്ഷാ നിയമപ്രകാരം പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിന് പോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി എഴുതി നൽകിയത്.
സ്വന്തം നിലയ്ക്കാണ് പാർക്കിംഗ് സ്വകാര്യ സ്ഥാപനങ്ങൾ സജ്ജമാക്കുന്നത്. പാർക്കിംഗിന് ആവശ്യമായ സ്ഥലം ഉണ്ടെന്ന് കോർപ്പറേഷൻ ഉറപ്പു വരുത്തുകയും വേണം. അതേസമയം, കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ വ്യക്തമാക്കി. ഒരു അവകാശവുമില്ലാത്ത സർക്കാർ റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തത്.

