ദേശീയ ഗെയിംസ്: പുരുഷ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ പുരുഷ ഫുട്‌ബോളില്‍ കേരളം ഫൈനലിലെത്തി. സെമിഫൈനലില്‍ കര്‍ണാടകയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. മുഹമ്മദ് ആഷിഖ്, അജീഷ് പി എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡ് നേടി. ആദ്യപകുതിയില്‍ ആ ലീഡ് നിലനിര്‍ത്താന്‍ കേരളത്തിന് സാധിച്ചു.

രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ അജീഷാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. ഒരു ഗോള്‍ തിരിച്ചുപിടിക്കാന്‍ കര്‍ണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു.