മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര സുതാര്യം അല്ല; യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര സുതാര്യം അല്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട്. കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം മുന്നോട്ടുവെച്ചു.

164 മൊഴിയിൽ ഗുരുതരമായ കാര്യങ്ങൾ ഉണ്ടായിട്ടും അന്വേഷണം നടന്നില്ല . സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചുവെന്നും വി ഡി സതീശൻ വിമർശിച്ചു.

സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാം. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ഗുരുതര വീഴ്ച്ചയാണ്. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രിതപക്ഷ നേതാവ് കൂട്ടിച്ചേർത്തു.