കാസര്ഗോഡ്: കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിലെ അത്ഭുത മുതല ‘ബബിയ’ ഇന്നലെ രാത്രിയോടെ മരിച്ചു. 75 വയസിലേറെ പ്രായമുണ്ട്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തില് സസ്യാഹാരം മാത്രം ഭക്ഷിച്ചിരുന്ന മുതല വലിയ അത്ഭുതം തന്നെയായിരുന്നു.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസര്കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1945ല് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന് വെടിവെച്ചു കൊന്നെന്നും ദിവസങ്ങള്ക്കുള്ളില് ബബിയ ക്ഷേത്രക്കുളത്തില് പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ഇടക്കിടെ തടാകത്തിലെ തന്റെ മാളത്തില് നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല് ബബിയ ശ്രീകോവിലിനു മുന്നില് ദര്ശനം നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില് പകര്ത്തി. ഈ ചിത്രങ്ങള്ക്ക് സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.
അതേസമയം, ക്ഷേത്ര നിവേദ്യം മാത്രമാണ് ആഹാരം. മുതലയ്ക്ക് നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര് വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. തടാകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല് മുതല ഈ ഗുഹയിലായിരിക്കും. അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ അത്ഭുതത്തോടെയാണ് ഭക്തര് കാണുന്നത്.

