ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി

ലണ്ടന്‍: വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും കൃത്യമായ സേവന- വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ യൂറോപ്പ്- യുകെ മേഖലാ സമ്മേളനം ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് (ടാജ്) ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രവാസത്തിലെ ചതിക്കുഴികള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഇത്തരമൊരു നിയമം വരുന്നതുവരെ വിശ്വസിനീയമായ മറ്റു മാര്‍ഗങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കും. നഴ്‌സിങ് മേഖലയില്‍ ഉള്‍പ്പെടെ കുടുതല്‍ അവസരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഭാഷാപരിജ്ഞാനം ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഫന്‍ലന്‍ഡ് വലിയതോതില്‍ ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിക്കാന്‍ തയാറായിട്ടുണ്ട്. നോര്‍വേയും അതേ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിലുള്ള മലയാളികള്‍ ഒരിടത്തും അലോസരങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതു വളരെ ശ്രദ്ധേയമായ കാര്യമാണ് പൊതുവേ നല്ല അഭിപ്രായമാണ് എല്ലായിടത്തും മലയാളികളെക്കുറിച്ചുള്ളത്. ഇതു വിദേശങ്ങളിലെ നാടിന്റെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കും. നമ്മുടെ സഹോദരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇതു സഹായിക്കും. നാട്ടില്‍ നിന്നും ആളുകളെ പുറത്തേയ്ക്ക് അയയ്ക്കുക എന്നതല്ല സര്‍ക്കാരിന്റെ ഉദ്ദേശം. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. നമുക്ക് നമ്മുടെ നാട്ടില്‍തന്നെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രവാസി നിക്ഷേപങ്ങളെ എങ്ങനെ ഉല്‍പാദനപരമായി ഉപയോഗിക്കാം എന്നതാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ എറ്റവുമധികം പ്രാധാന്യം നല്‍കുന്ന നവകേരള നിര്‍മിതിക്ക് യൂറോപ്പിലെയും യുകെയിലെയും പ്രവാസികളുടെ എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാകണം’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ‘ഓരോ പ്രദേശത്തെയും സഭാംഗങ്ങളും മലയാളി സഹോദരങ്ങളുമാണ് മേഖലാ സമ്മേളനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതും ചെലവുകള്‍ കണ്ടെത്തുന്നതും. സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളിലും സമാനമായ വിധത്തില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നുണ്ടെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭാ മേഖലാ സമ്മേളനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളോടൊപ്പം വലിയ ധൂര്‍ത്താണ് നടത്തുന്നതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.