മുലായം സിംഗ് യാദവ് അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദിപാര്‍ട്ടി (എസ് പി) സ്ഥാപകനേതാവുമായിരുന്ന മുലായം സിംഗ് യാദവ് (82) അന്തരിച്ചു. ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഒക്ടോബര്‍ രണ്ടിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന് മൂത്രാശയ അണുബാധയും ഉണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിംഗ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് മുലായം ജനിച്ചത്. 1967ല്‍ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം ജയിലില്‍ കിടന്നു. 1977ല്‍ ആദ്യമായി മന്ത്രിസഭയിലെത്തി. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം ഒരുതവണ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അദ്ദേഹം. നേരത്തേ അസംഗഢില്‍നിന്നും സംഭാലില്‍നിന്നും എം പി ആയിട്ടുണ്ട്. 1980ല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി. 1992ല്‍ സമാജ്വാദി പാര്‍ട്ടി രൂപീകരിച്ചു. 1993ല്‍ ബിഎസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 1995ല്‍ സഖ്യകക്ഷികള്‍ പിന്മാറിയതോടെ സര്‍ക്കാര്‍ വീണു. 1996ല്‍ 11ാം ലോക്‌സഭയില്‍ മെയ്ന്‍പുരിയെ പ്രതിനിധീകരിച്ച മുലായം സഖ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 1998ല്‍ സാംഭാല്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. 1999ല്‍ സംഭാലില്‍ നിന്നും കന്നൗജില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു. 2003 സെപ്തംബറില്‍ ബി ജെപി – ബി എസ് പി സര്‍ക്കാര്‍ താഴെ വീണപ്പോള്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. 2007ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയോട് പരാജയപ്പെടുന്നതു വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു.

യു.പി മുന്‍ മുഖ്യമന്ത്രിയും എസ് പി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് മകനാണ്. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. മുലായത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ അനുശോചിച്ചു.