നയന്‍താരയ്ക്ക് ഇരട്ടക്കുട്ടികള്‍; സന്തോഷവാര്‍ത്ത പങ്കുവെച്ച് വിക്കി

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇരട്ടക്കുട്ടികള്‍. നയന്‍താര അമ്മയായ വിവരം ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. നയന്‍താര അമ്മയാകാന്‍ പോകുന്നെന്ന സൂചനകള്‍ നേരത്തെ താരദമ്ബതികള്‍ ട്വീറ്റിലൂടെ സൂചിപ്പിച്ചിരുന്നു. ഇരട്ട ആണ്‍കുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചത്. ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേരുകള്‍ എന്നാണ് വിഘ്‌നേഷിന്റെ ട്വീറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.

‘ഞാനും നയന്‍സും അമ്മയും അച്ഛനുമായി. ഇരട്ട ആണ്‍കുഞ്ഞുങ്ങളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുഞ്ഞുങ്ങള്‍. ഞങ്ങളുടെയും പൂര്‍വികരുടെയും എല്ലാ പ്രാര്‍ത്ഥനകളും, പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. നിങ്ങലുടെ എല്ലാ പ്രാര്‍ത്ഥനകളും വേണം. ഉയിരും ഉലകവും’- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു ഇദ്ദേഹം, മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായാണ് നയന്‍താര വിഘ്‌നേശ് ശിവന്‍ വിവാഹം നടന്നത്.