മസാല ബോണ്ട് കേസ്; ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ തിങ്കളാഴ്ച്ച വിധി പറയും

കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെതിരായ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ കോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ചാണ് വിധി പറയുന്നത്. ഇഡി സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ഐസക്ക് ഹർജി സമർപ്പിച്ചിട്ടുള്ളത്.

താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തോമസ് ഐസക്ക് ഹർജിയിൽ പറയുന്നു. അതേസമയം, റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹർജിയിൽ വ്യക്തമാക്കുന്നത്. കിഫ്ബി ഹർജിയിൽ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനുള്ള അധികാരം ഇഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നുമുള്ള വാദവും കിഫ്ബി ഉന്നയിക്കുന്നു.

തോമസ് ഐസക് കിഫ്ബിക്കെതിരായ ഫെമ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. തോമസ് ഐസക് തെറ്റായ വിവരങ്ങൾ ഇഡിയ്ക്കെതിരെ ഉന്നയിക്കുന്നുണ്ടെന്നും ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.