ലണ്ടൻ: കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാൾ മാർക്സിന്റെ ശവകുടീരത്തിൽ മുഖ്യമന്ത്രി പുഷ്പചക്രമർപ്പിച്ചത്.
അതേസമയം, ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സർക്കാർ നയം. നാട്ടിൽ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ കൂടുതൽ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം. കേരളത്തിന്റെ വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണം. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വർധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങൾ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്നങ്ങൾകൂടി കേൾക്കുക എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനിൽ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ൽ യുഎഇയിൽ നടന്നിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

