ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. നിരോധിത സംഘടനയായ എൽടിടിഇയ്ക്ക് പിന്തുണ നൽകിയ രണ്ട് പേരുടെ വീടുകളിൽ എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സേലം, ശിവഗംഗ എന്നീ ജില്ലകളിലാണ് പരിശോധന നടന്നത്. സഞ്ജയ് പ്രകാശ്, നവീൻ ചക്രവർത്തി എന്നിവരുടെ വീടുകളിൽ റെയ്ഡ് നടന്നതായി അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിലെ വാണിജ്യസ്ഥാപനങ്ങളെയും പ്രമുഖ നേതാക്കളെയും ലക്ഷ്യമിട്ട് അനധികൃത തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും ഇവർ നിർമ്മിച്ചതായി എൻഐഎ കണ്ടെത്തി. എൽടിടിഇയ്ക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നും വ്യക്തമായി. ഡിജിറ്റൽ ഉപകരണങ്ങൾ, എൽടിടിഇയുമായി ബന്ധപ്പെട്ട കോംപാക്റ്റ് ഡിസ്കുകൾ എൽടിടിഇയെക്കുറിച്ചുള്ള പുസ്തകങ്ങൾ, എൽടിടിഇ നേതാവ് പ്രഭാകരന്റെയും മറ്റ് എൽടിടിഇ നേതാക്കളുടെയും ഫോട്ടോകൾ തുടങ്ങിയ റെയ്ഡിൽ പിടിച്ചെടുത്തു.
ചില രേഖകളും ബില്ലുകളും, അനധികൃത തോക്കുകൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ, വിഷം ഉണ്ടാക്കുന്നതിനുള്ള വസ്തുക്കൾ, വനത്തിൽ ജീവിക്കാനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകൾ തുടങ്ങിയവയും പരിശോധനയിൽ കണ്ടെത്തി.

