വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന ശശി തരൂരിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് തിരഞ്ഞെടുപ്പ് സമിതി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന ശശി തരൂരിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് തിരഞ്ഞെടുപ്പ് സമിതി. വോട്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിസിസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാര്‍ത്ഥികള്‍ക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു.

അതേസമയം, മുംബൈയില്‍ പ്രചാരണം തുടരുന്ന തരൂര്‍ സംസ്ഥാനത്തെ പ്രധാന നേതാക്കളെ കണ്ട് വോട്ട് തേടി. കശ്മീരിലും ഡല്‍ഹിയിലുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രചാരണം നടക്കുന്നത്. എന്നാല്‍, കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ തരൂരിനായി പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് പ്രമേയം പാസാക്കിയത്. കേരളത്തിലെ നേതാക്കള്‍ തരൂരിന് വോട്ട് രേഖപ്പെടുത്തണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍ നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്നും തരൂര്‍ പ്രതികരിച്ചു.