ഇസ്ലാമാബാദ്: പാകിസ്താനിലെ ധനം- വ്യവസായ- വാണിജ്യ മന്ത്രിയായ അബൈദുള്ള ബെയ്ഗിനെ ഭീകരർ തട്ടിക്കൊണ്ടു പോയി. തെഹ്രീക് ഇ താലിബാൻ ഭീകരരാണ് ധനമന്ത്രിയെ തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ മന്ത്രിയെ വിട്ടയച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ജയിലിൽ കഴിയുന്ന തങ്ങളുടെ കൂട്ടാളികളെ വിട്ടയക്കണം എന്ന ആവശ്യം ഉയർത്തിയാണ് മന്ത്രി ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
അതേസമയം, ജയിലിൽ കഴിയുന്ന തങ്ങളുടെ കൂട്ടാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരർ രാജ്യത്തെ ഖൈബർ പഖ്തൂൺഖ്വയെ ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തടഞ്ഞിരുന്നു. ഈ റോഡ് ഉപരോധിച്ചുകൊണ്ടാണ് മന്ത്രിയെയും വിനോദസഞ്ചാരികളെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. മന്ത്രിയെ തട്ടിക്കൊണ്ട് പോയ വീഡിയോ ക്ലിപ്പ് ഭീകരർ പുറത്ത് വിടുകയും ചെയ്തിരുന്നു.
രാജ്യത്ത് ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കണം, പെൺകുട്ടികളുടെ കായിക വിനോദങ്ങൾ നിരോധിക്കണം. നംഗ പർബത്തിൽ പത്ത് വിദേശികളെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തന്റെ കൂട്ടാളികളെയും, ഡിമർ ആക്രമണം നടത്തിയ ഭീകരരെയും വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രിയെ മോചിപ്പിക്കുന്നതിനായി ഭീകരർ സർക്കാരിന് മുന്നിൽ വെച്ച ഉപാധികൾ.

