തിരുവനന്തപുരം: സംസ്ഥാനത്തെ വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധിയില്‍ ഈ മാസം 13-ന് സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. സമരം കാരണമുണ്ടായ 78.5 കോടി രൂപയുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും.
അതേസമയം, വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ നഷ്ടം 19 കോടിയും നഷ്ടമുണ്ടായതായി വ്യക്തമാക്കുന്നത്. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്നാണ് അദാനി പോര്‍ട്‌സ് പറയുന്നത്. സമരം മൂലമുണ്ടായ ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് തുറമുഖ നിര്‍മാണക്കമ്പനിയായ വിസിലിന്റെ ആവശ്യം.
ഈ സാഹചര്യത്തിലാണ് അദാനി പോര്‍ട്ട്‌സുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. നഷ്ടം നികത്തുന്ന വിഷയത്തില്‍ നിയമോപദേശം തേടിയതിന് ശേഷമാവും സര്‍ക്കാര്‍ തീരുമാനം.

