കോടിയേരിയുടെ സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു; പരിഹാസവുമായി കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന്റെ വിദേശ പര്യടനത്തെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം. ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്നും വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതു ദർശനത്തിന് വെക്കാൻ സിപിഎമ്മിന് സമയം കിട്ടിയില്ല. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു. വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുട ചക്രവും ഇവിടെ നടപ്പാക്കിയോയെന്നും സുധാകരൻ ചോദിക്കുന്നു.

വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം തുടരുകയാണ്. മുഖ്യമന്ത്രി ഇന്ന് ലണ്ടനിൽ സന്ദർശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.