തിരുവനന്തപുരം: തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ നീട്ടി. നാലു മാസം കൂടിയാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി ഈ മാസം 25 ന് പരിഗണിക്കും.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 1994 ലാണ് കേസിനാസ്പദമായ സംഭവം. തനിക്കെതിരായ തൊണ്ടിമുതൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അടിവസ്ത്രത്തിൽ ഹാഷിഷുമായി പിടിയിലായ സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയെ രക്ഷിക്കാനാണ് ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. അന്ന് അദ്ദേഹം വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്നു. ആന്റണി രാജുവിന്റെ സീനിയറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെ വിട്ടു.

