പഴം ഇറക്കുമതിയുടെ മറവിൽ ലഹരിക്കടത്ത്; 1978 കോടിയുടെ മയക്കുമരുന്നാണ് പ്രതികൾ എത്തിച്ചതെന്ന് ഡിആർഐ

തിരുവനന്തപുരം: പഴം ഇറക്കുമതിയുടെ മറവിൽ മലയാളികൾ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ വിജിനും മൻസൂറും ഇന്ത്യയിലേയ്ക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആർഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ വന്ന ലോഡിൽ നിന്നാണ് മയക്കു മരുന്ന് കണ്ടെത്തിയത്. ഒക്ടോബർ അഞ്ചിന് 502 കോടി വിലവരുന്ന 50 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2018 മുതൽ ഇവർ ലഹരിക്കടത്ത് നടത്തിയിരുന്നു. ഗ്രീൻ ആപ്പിൾ സൂക്ഷിച്ച കണ്ടെയ്‌നറിലായിരുന്നു കൊക്കെയ്ൻ കടത്തിയത്. 198 കിലോ വീര്യം കൂടിയ ക്രിസ്റ്റൽ മെത്ത്, ഒമ്പത് കിലോ കൊക്കെയ്ൻ എന്നിവയാണ് മുംബൈ തീരത്ത് നിന്നും പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 1476 കോടി രൂപയാണ് വില വരുന്നത്. ട്രക്കിൽ മയക്കു മരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. അതേസമയം, കേസിൽ മൻസൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.

കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശിയായ വിജിൻ വർഗീസിൻറെ കമ്പനിയായ യമ്മി ഇൻറർനാഷണൽ ഫുഡ്‌സിന്റെ പേരിലായിരുന്നു ഇറക്കുമതി നടത്തിയത്.