ചെന്നൈ: ഓണ്ലൈന് റമ്മിയടക്കം സൈബര് ചൂതാട്ടങ്ങള് തമിഴ്നാട് സര്ക്കാര് നിരോധിച്ചു. ഓണ്ലൈന് ചൂതാട്ടത്തില് പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര് തമിഴ്നാട്ടില് ജീവനൊടുക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനിര്മ്മാണം.
ഓണ്ലൈന് ചൂതാട്ടം കളിക്കുന്നവര്ക്കും നടത്തുന്നവര്ക്കും ഇനി മൂന്ന് വര്ഷം വരെ തടവുശിക്ഷ നല്കാനാണ് തീരുമാനം. ഗവര്ണര് ആര് എന് രവി ഓര്ഡിനന്സില് ഒപ്പിട്ടതോടെയാണ് ഓണ്ലൈന് ചൂതാട്ട നിയമം സംസ്ഥാനത്ത് നിലവില് വന്നത്. എഐടി ടെക്നോളജിസ്റ്റ് ഡോ. ശങ്കരരാമന്, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്, അഡീഷനല് ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്.
അതേസമയം, ആത്മഹത്യകള് ആവര്ത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തില് പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓണ്ലൈന് റമ്മി പരസ്യങ്ങളില് എത്തിയതിനെതിരെ തമിഴ്നാട്ടില് പ്രതിഷേധം ഉയര്ന്നതിനെ തുടര്ന്ന് ഓണ്ലൈന് ചൂതാട്ടം നിരോധിക്കുന്നത് സംബന്ധിച്ച് സര്ക്കാര് പൊതുജനാഭിപ്രായം സ്വരൂപിച്ചിരുന്നു. വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറിയും സര്ക്കാരിന് റിപ്പോര്ട്ടായി നല്കി. ഇതുകൂടി പരിഗണിച്ചാണ് ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓണ്ലൈന് കളികളും തമിഴ്നാട്ടില് നിരോധിച്ചത്.

