അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയെ ഏറ്റെടുത്ത് യുവാക്കള്‍; പദ്ധതിക്കെതിരെ സമരം നടത്തിയവരുടെ കാര്യവും അറിയാം

കോഴിക്കോട് ജില്ലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് വടക്കന്‍ മേഖലാ റാലിയില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 20,000 പേരില്‍ 13,116 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 705 പേര്‍ ആരോഗ്യ ക്ഷമത നേടി. 624 പേരെ മെഡിക്കല്‍ റിവ്യൂ ചെയ്യുന്നതിനായി അയച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തു പരീക്ഷ ഉണ്ടാകും. രാജ്യത്താകെ 40,000ത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുക. പൊലീസ് വെരിഫിക്കേഷനു ശേഷം 2023 മാര്‍ച്ചോടെ പരിശീലനം ആരംഭിക്കും. യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് റാലിക്കുള്ളതെന്ന് മേജര്‍ ജനറല്‍ പി.രമേശ് (വി.എസ്.എം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, റിക്രൂട്ടിംഗ് സോണ്‍ ബംഗളൂരു, കേരള , കര്‍ണാടക, മാഹി , ലക്ഷദീപ് ) പ്രതികരിച്ചു.

അതേസമയം, തെക്കന്‍ മേഖലാ റിക്രൂട്ട്മെന്റ് റാലി നവംബര്‍ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്സിംഗ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്സിംഗ് അസിസ്റ്റന്റ്, മത പഠന അദ്ധ്യാപകര്‍ എന്നിവര്‍ക്കുള്ള റിക്രൂട്ട്മെന്റും ഇവിടെ നടക്കും. കേരളം, കര്‍ണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ക്ക് നവംബര്‍ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്മെന്റ് റാലി. 11,000ത്തോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ, അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ നിയമനത്തില്‍ നിന്നും പുറത്താവുമെന്ന് വിവരം. റിക്രൂട്ട്‌മെന്റ് റാലികളില്‍ പങ്കെടുത്താലും റാങ്ക്‌ലിസ്റ്റ് വന്നശേഷം നടക്കുന്ന പൊലീസ് വെരിഫിക്കേഷനില്‍ ഇവര്‍ പുറത്താവുമെന്ന് മേജര്‍ ജനറല്‍ പി.രമേശ് വ്യക്തമാക്കി.