തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അടുത്ത വർഷവും തീരില്ലെന്ന ആശങ്ക അദാനി ഗ്രൂപ്പിനുണ്ട്. മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും ചേർന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നിർമ്മാണ പ്രവർത്തനങ്ങക്കെതിരെ നടത്തുന്ന ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിലച്ചിരിക്കുകയാണ്. നഷ്ടകണക്കുകൾ അദാനി ഗ്രൂപ്പ് സർക്കാരിന് കൈമാറുകയും ചെയ്തു. വിഴിഞ്ഞത്തേക്കുള്ള ബാർജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്നും നിർമ്മാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ എത്തിക്കാൻ കഴിയുന്നില്ലെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
നിർമ്മാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ടി സർക്കാർ ഇടപെട്ട് ടഗ്ഗുകളും ബാർജ്ജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി തുടരുകയായിരുന്നു. ഇങ്ങനെ നിലനിർത്തിയത് വഴി മാത്രം 57 കോടി നഷ്ടം വന്നു. പണി നടക്കാത്ത ദിവസങ്ങളിൽ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപയും നൽകേണ്ടി വന്നുവെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

