പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി ഹര്‍ഭജന്‍ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന പരാതിയുമായി മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ ഉപദേശകനുമായ ഹര്‍ഭജന്‍ സിംഗ് രംഗത്ത്.

പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ പ്രസിഡന്റ് ഗുല്‍സരീന്ദര്‍ സിംഗ് ക്രമക്കേടുകള്‍ കാണിക്കുന്നുവെന്നും ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെടണമെന്നാണ് അധികൃതര്‍ക്കും അംഗങ്ങള്‍ക്കും എഴുതിയ കത്തില്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റിനെതിരെ കഴിഞ്ഞ 10 ദിവസമായി ക്രിക്കറ്റ് ആരാധകരില്‍ നിന്നും അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും നിരവധി പരാതികളാണ് തനിക്ക് ലഭിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. പ്രസിഡന്റിന്റെ നേത്വത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അത് ക്രിക്കറ്റ് ഭരണത്തിന്റെ സുതാര്യതക്ക് എതിരാണെന്നും രാജ്യസഭാംഗം കൂടിയായി ഹര്‍ഭജന്‍ പറഞ്ഞു. പ്രിസഡന്റിനെതിരെ ഒംബുഡ്‌സ്മാനും പരാതി ലഭിച്ചിട്ടുണ്ടെന്ന് താന്‍ ഇന്നലെയാണ് അറിഞ്ഞതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

അധികാരം നിലനിര്‍ത്താനായി പ്രസിഡന്റ് 150 ഓളം പേര്‍ക്ക് വോട്ടവകശാത്തോടെ അംഗത്വം നല്‍കാന്‍ ശ്രമിക്കുന്നുവെന്നതാണ് ആരോപണത്തിന്റെ കാതലെന്നും ഇതിന് അപെക്‌സ് കൗണ്‍സിലിന്റെയോ ജനറല്‍ ബോഡിയുടെയോ അംഗീകാരമില്ലെന്നും ഇതെല്ലാം ബിസിസിഐ ഭരണഘടനക്ക് വിരുദ്ധമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ക്രമക്കേടുകള്‍ ഒളിപ്പിച്ചുവെക്കാനായി അസോസിയേഷന്റെ ഔദ്യോഗിക യോഗം പോലും വിളിക്കുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ് കത്തില്‍ പറയുന്നു.