വടക്കഞ്ചേരി: വടക്കഞ്ചേരി ബസപകടത്തില് ഒമ്പതുപേര് മരിച്ച സംഭവത്തില് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജില്ലാ ട്രാന്സ്പോര്ട്ട് ഓഫീസ് അന്വേഷണ റിപ്പോര്ട്ട് നല്കി. കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര് ജോമോന് മൊഴി നല്കിയത്. ഇതിനെ തള്ളിക്കൊണ്ടാണ് ജില്ലാ ട്രാന്സ്പോര്ട്ട് ഓഫീസിന്റെ റിപ്പോര്ട്ട്.
അപകടം നടന്ന സ്ഥലത്തിന് 200 മീറ്റര് മുന്നെയാണ് കെ.എസ്.ആര്.ടി.സി ബസ് ആളെ ഇറക്കാന് നിര്ത്തിയ ശേഷം വീണ്ടും യാത്ര തുടര്ന്നത്. അതുകൊണ്ടുതന്നെ വീണ്ടും ബ്രേക്കിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ബസ്സിന്റെ വേഗവും കുറവായിരുന്നു.
അതേസമയം, അപകട സമയത്ത് ടൂറിസ്റ്റ് ബസിന് ശരാശരി വേഗതയേക്കാള് ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്ട്ട്. അപകടം നടക്കുമ്പോള് മണിക്കൂറില് 97 കിലോമീറ്റര് വേഗതയിലായിരുന്നു ബസ് ഓടിയിരുന്നത്. ഇതിനിടെ ടൂറസ്റ്റ് ബസ്സ് ഡ്രൈവര് യാത്രയ്ക്കിടെ നിന്നുകൊണ്ട് വണ്ടിയോടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിയമ ലംഘനങ്ങളെക്കുറിച്ച് നിരവധി തവണ ബസ്സിന്റെ ഉടമയ്ക്കും സന്ദേശം അയച്ചിരുന്നു. എന്നാല്, ഒരു നടപടിയും ഉണ്ടായില്ല. അതിനാല്, പ്രേരണാക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ബസ്സിന്റെ ഉടമ അരുണിനേയും അറസ്റ്റ് ചെയ്തിരുന്നു.

