ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 11 മരണം; സംഭവം മഹാരാഷ്ട്രയില്‍

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഔറംഗാബാദ് റോഡില്‍ ബസിന് തീപിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് സംഭവം.

മുംബയില്‍ നിന്ന് പുറപ്പെട്ട ബസ് ഔറംഗാബാദ് റോഡിലെത്തിയപ്പോള്‍ ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ നാസിക്കിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.