അഹമ്മദാബാദ്: മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ഗുജറാത്ത് പിസിസി. പരസ്യ പ്രചരണം സംബന്ധിച്ച് മാർഗരേഖ നിലനിൽക്കെയാണ് പിന്തുണയുമായി ഗുജറാത്ത് പിസിസി രംഗത്തെത്തിയത്. അതേസമയം, പിസിസി അധ്യക്ഷൻമാരടക്കം മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ ശശി തരൂർ വിഭാഗം ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, മഹാരാഷ്ട്രയിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ, ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള എംഎൽഎമാർ തുടങ്ങിയവർ ഗുജറാത്തിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് പറയുമ്പോഴും പിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമെല്ലാം ഖാർഗെയുടെ പ്രചാരണത്തിന് എത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂരിനെ അനുകൂലികൾ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മദുസൂദൻ മിസ്ത്രിയ്ക്ക് പരാതി സമർപ്പിച്ചു.

