സ്റ്റോക്ഹോം: ബെലാറൂസിലെ മനുഷ്യാവകാശ പ്രവര്ത്തകന് അലെസ് ബിയാലിയറ്റ്സ്കിക്കും റഷ്യന് മനുഷ്യാവകാശ സംഘടനയായ മെമോറിയല്, യുക്രെയ്ന് മനുഷ്യാവകാശ സംഘടനയായ സെന്റര് ഫോര് സിവില് ലിബര്റ്റീസ് എന്നിവയ്ക്കുമാണ് ഈ വര്ഷത്തെ സമാധാന നൊബേല് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്ത്തനങ്ങളാണ് മെമോറിയല് (റഷ്യ), യുസെന്റര് ഫോര് സിവില് ലിബര്ട്ടീസ് (യുക്രൈന്) എന്നീ സംഘടനകളെ അലിസ് ബിയാലിയാട്സ്കിക്ക് ഒപ്പം ഇത്തവണത്തെ നൊബേല് പുരസ്കാരത്തിന് അര്ഹമാക്കിയത്. എന്നാല്, ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ പേരില് രണ്ടു വര്ഷമായി തടവിലാണ് അലിസ് ബിയാലിയാട്സ്കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി പരിശ്രമിച്ച ആളാണ് അദ്ദേഹം.
അതേസമയം, 1987-ല് സ്ഥാപിക്കപ്പെട്ട റഷ്യന് മനുഷ്യാവകാശ സംഘടനയായ മെമോറിയല് സോവിയറ്റ് യൂണിയന്റെ തകര്ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി വളര്ന്നു. റഷ്യയിലെ രാഷ്ട്രീയ അടിച്ചമര്ത്തലുകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മെമോറിയല് വിവരങ്ങള് സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. യുക്രൈനിലെ കീവില് 2007-ലാണ് സെന്റര് ഫോര് ലിബര്ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രൈനിലെ മനുഷ്യാവകാശപ്രവര്ത്തനങ്ങള് പ്രോത്സാഹിക്കുന്നതിനും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു സംഘടന പ്രവര്ത്തിച്ചത്.

