ഒരു കുട്ടി അനിയന്ത്രിതമായി വീഡിയോ ഗെയിമിംഗിന് അടിമയാകുകയും അത് ആ കുട്ടിയുടെ വ്യക്തിപരമായും കുടുംബപരമായും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ അത് മൊബൈൽ ഡിസോഡറാണ്.
വില്ലനായ് സോഷ്യൽ മീഡിയാ, ഗെയിംസ്
കോവിഡ് കാലഘട്ടത്തിൽ വീടുകളിൽ കുട്ടികൾ അകപ്പെട്ടു. സ്കൂൾ പഠനം ഓൺലൈൻ പഠനമായി മാറിയ സാഹചര്യത്തിൽ കുട്ടിക്ക് കിട്ടിയ പുതിയ ആത്മസുഹൃത്തായി മാറിയത് മൊബൈൽ ഫോണാണ്. സമപ്രായക്കാരായ സുഹൃത്തുക്കളുമായി നേരിട്ടുള്ള കൂടിച്ചേരലുകളും കളികളും ഇല്ലാതായതും സാമൂഹിക സമ്പർക്കം നിഷേധിക്കപ്പെട്ടതും കുട്ടികളുടെ കൂട്ടായി മൊബൈൽ ഫോണും ഗെയിമും മാറാൻ കാരണമായി. തുടക്കത്തിൽ ആരും ശ്രദ്ധിക്കാതെയും അവഗണിക്കുകയും ചെയ്ത കുട്ടികളുടെ മൊബൈൽ ഉപയോഗം ഇന്ന് സകല നിയന്ത്രണങ്ങളെയും കാറ്റിൽ പറത്തി അവർ അവരുടേതായ ലോകത്തിലേക്ക് മാത്രമായി ചുരുങ്ങാൻ തുടങ്ങി. കുട്ടികൾ സ്വകാര്യ ഇടങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഇവിടെ മറ്റാർക്കും പ്രവേശനം ഇല്ലാത്ത അവസ്ഥയിലായി. ഉറങ്ങുന്നതും ഉണരുന്നതും തൊട്ട് മുഴുവൻ ദിനചര്യകളും അവതാളത്തിലായി. കുട്ടികളിൽ മാനസികാരോഗ്യപ്രശ്നങ്ങൾ, ആത്മഹത്യ പ്രവണത എന്നിവ വർദ്ധിക്കുന്നു.
രോഗ ലക്ഷണങ്ങൾ
- പഠന സംബന്ധമായി, ജോലി സംബന്ധമായി പ്രശ്നങ്ങൾ നേരിടുക
- കൂടുതൽ സമയം ഗെയിം കളിക്കാനുള്ള ആഗ്രഹമുണ്ടാവുക
- ഗെയിം കളിക്കുന്നതിനിടയിൽ തടസമുണ്ടായാൽ വെപ്രാളമുണ്ടാവുക, മറ്റ് അസ്വസ്ഥതകൾ കാണിക്കുക.
- ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
- ഗെയിം കളിക്കാതിരിക്കുന്ന സമയങ്ങളിൽ അസ്വസ്ഥത തോന്നുക.
- എപ്പോഴും ഗെയിമിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുക
ശാരീരിക പ്രശ്നങ്ങൾ
- കഴുത്ത് വേദന, തലവേദന
- കാഴ്ച ശക്തി കുറയുക, എപ്പോഴും ക്ഷീണം
- അമിത വണ്ണം, വിശപ്പില്ലായ്മ
മാനസിക പ്രശ്നങ്ങൾ
- ഒന്നിലും ശ്രദ്ധ, താൽപ്പര്യമില്ലായ്മ
- അലസത, ഉത്കണ്ഠ, ഭയം, ദേഷ്യം
- ഉറക്ക പ്രശ്നങ്ങൾ
- വിഷാദ രോഗം
ശ്രദ്ധിക്കുക
മൊബൈൽ ഫോൺ അമിത ഉപയോഗം കുട്ടികളിൽ, രക്ഷിതാക്കളിൽ നിരവധി ശാരീരിക -മാനസിക സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പെരുമാറ്റ പ്രശ്നങ്ങൾ, ഡിപ്രഷൻ, സ്വഭാവ വൈകല്യങ്ങൾ എന്നിവ കൂടി കൂടി വരുന്നു.

