കൊച്ചി: സംസ്ഥാനത്തെ റോഡുസുരക്ഷയുടെ കാര്യത്തില് കൂടുതല് നടപടികളെടുക്കാന് ട്രാന്സ്പോര്ട്ട് കമ്മീഷണറോടു ഹൈക്കോടതി നിര്ദ്ദേശം. വടക്കഞ്ചേരിയില് ബസ് അപകടം പോലെ സമാനമായ സംഭവങ്ങള് ഇനി ആവര്ത്തിക്കരുതെന്നു പറഞ്ഞ കോടതി, അപകടങ്ങള് ഒഴിവാക്കാന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചോദിച്ചു. ഇനി ഒഴിവുകഴിവുകളില്ലെന്നും സമയബന്ധിതമായ നടപടിയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
അതേസമയം, റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള് എന്തെല്ലാമാണെന്ന് കോടതി ചോദ്യമുന്നയിച്ചു. എന്നാല്, അപകടമുണ്ടാക്കുന്ന വാഹനങ്ങള് ഓടിച്ച ഡ്രൈവര്മാരുടെ ലൈസന്സ് ഉള്പ്പെടെ റദ്ദാക്കുന്നതില് നടപടി സ്വീകരിക്കുന്നുണ്ടെന്നും ട്രാന്സ്പോര്ട്ട് കമ്മീഷണര് എസ്. ശ്രീജിത്ത് കോടതിയെ ബോധിപ്പിച്ചു. നിരത്തുകളില് ന്യൂജന് ബൈക്കുകളും അപകടമുണ്ടാക്കുന്നതായും ഇത്തരത്തില് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെടുന്ന നിയമലംഘനങ്ങള് ശ്രദ്ധയില്പെട്ടാല് നടപടികളെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വടക്കാഞ്ചേരി അപകടം സംഭവിക്കുന്നതിനു മുന്പ് ബസ് അമിത വേഗത്തിലാണെന്നുള്ള മുന്നറിയിപ്പ് പലപ്രാവശ്യം ബസ് ഉടമയ്ക്കു പോയിരുന്നു. റോഡിലെ പ്രശ്നങ്ങള് പരിഹരിക്കാന് ജാഗ്രത പുലര്ത്തുന്നുണ്ട്. അമിതവേഗതയുടെ പേരില് 96 ബസുകള്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ബസിന്റെ വേഗപ്പൂട്ട് വേര്പെടുത്തി സര്വീസ് നടത്തുന്നതു പരാമര്ശിക്കുമ്പോള് ഇതര സംസ്ഥാനങ്ങളില് വാഹനങ്ങളുടെ പരമാവധി വേഗപരിധി കേരളത്തിലേതില് നിന്നു വ്യത്യസ്തമാണ്. വടക്കഞ്ചേരി അപകടത്തിന്റെ ധാര്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’- കമ്മീഷണര് കോടതിയില് വ്യക്തമാക്കി.

