കൊല്ലത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമ്മയ്ക്ക് സമ്മതമാണെങ്കില്‍ ഇരുവരെയും സര്‍ക്കാര്‍ സംരക്ഷണത്തില്‍ മാറ്റുന്നതാണ്. അതല്ലെങ്കില്‍ നിയമ സഹായവും പൊലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി അമ്മയായ അതുല്യ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റ് പൂട്ടുകയായിരുന്നു. പിന്നീട് ഗേറ്റ് തുറക്കാത്തിനാല്‍ രാത്രി മുഴുവന്‍ അമ്മയും കുട്ടിയും വീടിന്റെ പുറത്ത് കിടന്നു. വിഷയത്തില്‍ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്നും യുവതി ആരോപിച്ചു.

സംഭവത്തില്‍ അതുല്യ വിശദീകരിക്കുന്നത് ഇങ്ങനെ

‘ഇന്നലെ വൈകീട്ട് മോനെ വിളിക്കാന്‍ പോയതാണ്. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേയുള്ളൂ. മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫയറിലും അറിയിച്ചു. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല. ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നില്‍ നിന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതില്‍വഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോള്‍ത്തന്നെ ഭര്‍ത്താവിന്റെ അമ്മ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. വിവാഹം കഴിച്ചു വന്നതു മുതല്‍ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസം. എന്റെ സ്വര്‍ണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചത്. അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്‌ബോഴേയ്ക്കും വീട് എഴുതിത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്ത് ഇവിടേക്ക് വന്നത്. പക്ഷേ, ഇവിടെ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വന്നതു മുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഈ വീടും വസ്തവും മറ്റാരുടെയോ പേരില്‍ എഴുതവച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.’