കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയില്ല; എഐസിസി നിർദേശം പാലിക്കുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശമെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. മറ്റ് നേതാക്കൾക്കും അവരുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാജുൻ ഖാർഗേക്കായി പ്രചാരണത്തിന് ഇറങ്ങാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചതിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല പ്രചാരണത്തിന് പോകുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ പലതരത്തിലുള്ള വാശികളും ബന്ധങ്ങളും ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യും. അതിൽ വിമർശിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി. തന്റെ മനസാക്ഷിക്കനുസരിച്ചാണ് താൻ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. രാവിലെ താനും ശശി തരൂരും സംസാരിച്ചിരുന്നു. തങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയും നെഹ്‌റുവിന്റെ സ്ഥാനാർത്ഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട. മാധ്യമങ്ങൾക്ക് വേവലാതിയും വേണ്ട. കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ താൻ ആരാണെന്നും അദ്ദേഹം ചോദിക്കുന്നു.

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഹൈക്കമാന്റിന്റെ കൃത്യമായ നിർദ്ദേശമുണ്ട്. ഭാരവാഹിത്വത്തിലുള്ളവർ പ്രചാരണത്തിന് നേതൃത്വം നൽകരുതെന്നാണ് തെരഞ്ഞെടുപ്പ് നിർദ്ദേശം. എന്നാൽ താൻ ആദ്യ പ്രതികരണം നടത്തിയതിന് രണ്ടര മണിക്കൂർ ശേഷമാണ് ഹൈക്കമാന്റ് തീരുമാനം വരുന്നത്. കേരളത്തിലുള്ള നേതാക്കൾ പിന്തുണയ്ക്കുന്നില്ലെന്ന ശശി തരൂർ പറഞ്ഞതിന്റെ വാസ്തവം എന്താണെന്ന് അറിയില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടിയിരുന്നു.