കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ ലത്തീൻ അതിരൂപതയ്ക്ക് തിരിച്ചടി. ലത്തീൻ അതിരൂപത നിർമ്മിച്ച സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
തുറമുഖ നിർമാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് മുന്നിലെ സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ച് നീക്കണമെന്ന് സമരസമിതിയോട് കോടതി നിർദ്ദേശിച്ചു. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
സമരപ്പന്തൽകാരണം നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് ഹർജിയിൽ ആരോപിച്ചിരുന്നത്. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുതെന്ന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമരപ്പന്തൽ കാരണം നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചത്.

