മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാർ; എം എം മണി

മൂന്നാർ: ഐഎസുകാർക്കെതിരെ വിവാദ പരാമർശവുമായി മുൻമന്ത്രി എംഎം മണി. മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാരെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ പോര രേഖാമൂലം ഉത്തരവ് നൽകണമെന്ന കളക്ടറുടെ പരാമർശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉദ്യോഗസ്ഥരാണ് 75 വർഷ് മുൻപ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശകുണ്ടാക്കിയത്. ഇത് തിരുത്തേണ്ടതും ഉദ്യോഗസ്ഥർ തന്നെയാണ്. ഇപ്പോൾ ആവശ്യമില്ലാത്ത പീഡനം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

1964ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവച്ചില്ലെങ്കിൽ അയാളെ ഇറങ്ങിനടക്കാൻ പോലും സമ്മതിക്കുന്ന പ്രശ്‌നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളിൽ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കിൽ ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയുമെന്നും എം എം മണി കൂട്ടിച്ചേർത്തു.