കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ഭിന്നത പരസ്യമാക്കിയ നേതാക്കൾക്ക് താക്കീത് നൽകി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേതാക്കൾ പുറത്ത് നിലപാട് പറയുമ്പോൾ ഏക സ്വരത്തിലാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അണികൾ തമ്മിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റു മുട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമർശത്തെ തുടർന്നാണ് ലീഗ് അണികൾക്കിടയിൽ പോര് ആരംഭിച്ചത്. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും ഏകപക്ഷീയമാണെന്നുമായിരുന്നു സലാം പറഞ്ഞത്. സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടിയിൽ മുനീറിനെ വേദിയിലിരുത്തി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇ ടി മുഹമ്മദ് ബഷീർ അധ്യക്ഷനായ ഉപസമിതിയുടെ ഭരണ ഘടനാ ഭേദഗതിക്കുള്ള നിർദ്ദേശത്തിന് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി. ഇതനുസരിച്ച് 21 അംഗ സെക്രട്ടറിയേറ്റും അഞ്ചംഗ അച്ചടക്ക സമിതിക്കും രൂപം നൽകും. ഒരാൾക്ക് ഒരു പദവിക്ക് പുറമേ യൂണിറ്റ്തലം മുതൽ സഹഭാരവാഹികളുടെ എണ്ണം നിജപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

