മൂന്നാറിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കെണിയിൽ കുടുങ്ങി; കടുവയ്ക്ക് ഇടത് കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തൽ

മൂന്നാർ: മൂന്നാറിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കെണിയിൽ കുടുങ്ങി. നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ ആക്രമണത്തിൽ നയ്മക്കാട്ടെ പത്തു കന്നുകാലികൾ ചത്തിരുന്നു.

അതേസമയം, കടുവയ്ക്ക് ഇടത് കണ്ണിന് തിമിരമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഇടത് കണ്ണിൽ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.

ഇടത് കണ്ണിന് തിമിര ബാധ ഉള്ളതിനാൽ കടുവ തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിൽ അല്ല ഉള്ളതെന്ന് വനം വകുപ്പ് പറഞ്ഞു. സ്വാഭാവിക ഇര തേടൽ അസാധ്യം ആണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് വ്യക്തമാക്കി. അതിനാൽ കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സാധ്യത.

അതേസമയം, വന്യമൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ മൂന്നാർ-ഉദുമൽപേട്ട അന്തർ സംസ്ഥാന പാത ഉപരോധിച്ചിരുന്നു.