ന്യൂഡൽഹി: യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾക്ക് മുൻകൈ എടുത്തു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സമാധാനത്തിന് വഴിയൊരുക്കണമെന്ന് അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായും മോദി ഫോണിൽ ബന്ധപ്പെട്ടു.
യുക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ചർച്ചയിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും പ്രശ്നപരിഹരത്തിനു ശ്രമിക്കണ നിർദ്ദേശമാണ് മോദി മുന്നോട്ടുവെയ്ക്കുന്നത്. റഷ്യയുമായുള്ള സമാധാന ശ്രമങ്ങൾക്ക് പങ്കു വഹിക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം യുക്രൈൻ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. സൈനിക ഇടപെടലിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, റഷ്യ-യുക്രൈൻ സംഘർഷത്തിൽ വലിയതോതിൽ ആശങ്കയുണ്ടെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ശത്രുതകളും ഉടനടി അവസാനിപ്പിച്ച് സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകത ഇന്ത്യ ശക്തമായി ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ദിവസങ്ങൾക്ക് മുമ്പ് ഷാൻഹായി കൂട്ടായ്മ ഉച്ചകോടിയിൽ. ഊന്നിപ്പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ യുഗമാകാൻ കഴിയില്ല. സംഘർഷ സാഹചര്യങ്ങളിൽ പോലും, മനുഷ്യാവകാശങ്ങളുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ ലംഘനത്തിന് ഒരു ന്യായീകരണവുമില്ല. അത്തരം പ്രവൃത്തികൾ സംഭവിക്കുമ്പോൾ, അവ വസ്തുനിഷ്ഠവും സ്വതന്ത്രവുമായ രീതിയിൽ അന്വേഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

