പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തൽ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചി: കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സിയാദിനാണ് സസ്‌പെൻഷൻ ലഭിച്ചത്. അന്വേഷണ വിധേയമായാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.

കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹർത്താൽ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 49 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു.

വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറൽ – 25, 169
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 125
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറൽ – 17, 47
തൃശൂർ സിറ്റി – 13, 23
തൃശൂർ റൂറൽ – 27, 48
പാലക്കാട് – 7, 89
മലപ്പുറം – 34, 253
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 100
വയനാട് – 7, 116
കണ്ണൂർ സിറ്റി – 26, 104
കണ്ണൂർ റൂറൽ – 9, 31
കാസർഗോഡ് – 6, 62