കശ്മീരിലെ പഹാടി വിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉടൻ ലഭ്യമാക്കും; അമിത് ഷാ

ശ്രീനഗർ: കശ്മീരിലെ പഹാടി വിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉടൻ ലഭ്യമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കം സംവരണം ലഭിക്കും. രജൗരിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രരംഭ പ്രവർത്തനമെന്നോണമാണ് റാലി സംഘടിപ്പിച്ചത്. സംവരണം നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ റിസർവേഷൻ നിയമത്തിൽ ഉടൻ ഭേദഗതി വരുത്തുമെന്നും ലഫ്റ്റനന്റ് ഗവർണർ ചുമതലപ്പെടുത്തിയ കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പഹാടി എന്നിവർക്കെല്ലാം അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

എസ് ടി ക്വാട്ടയിലുള്ള ഗുജ്ജാർ, ബകർവാൾ വിഭാഗങ്ങൾ പഹാടികൾക്ക് എസ്.ടി സംവരണം നൽകുന്നതിന് ചിലർ എതിരാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളും ഉയർന്ന വിഭാഗത്തിൽ പെടുന്നവരാണെന്നും ഭാഷയുടെ പേരിൽ മാത്രം പഹാടികൾക്ക് സംവരണം അനുവദിക്കാൻ പാടില്ലെന്നുമാണ് ഇവർ പറയുന്നതെന്നും അമിത് ഷാ വിമർശിച്ചു.