തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് ലഭിച്ചത് ഗംഭീര സ്വീകരണം. കെപിസിസിയിലെത്തിയപ്പോൾ പ്രവർത്തകരുടെ വൻ നിരയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ, മുതിർന്ന നേതാക്കളാരും അദ്ദേഹത്തെ സ്വീകരിക്കാൻ ഉണ്ടായിരുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്, അവരാണ് പാർട്ടിയുടെ ശക്തിയെന്ന് ശശി തരൂർ വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂർ അറിയിച്ചു.
എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ് തെരഞ്ഞെടുപ്പിൽ. മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെ ആണ് പ്രവർത്തകരുടെ വോട്ടിനും ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ കാണിക്കുന്നത് ശരിയല്ല. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

