തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കാനും അപ്രസക്തമായ തസ്തികകൾ വെട്ടിചുരുക്കാനുമുള്ള നടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഏതാനും നാളുകളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുന്നുണ്ടെങ്കിലും സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പടെ എതിർത്തതോടെ നടപടികൾ നിലച്ചിരുന്നു. എന്നാൽ, നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം.
നടപ്പാക്കേണ്ട പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് മൂന്ന് സമിതികൾ പഠനം നടത്തി ശുപാർശകൾ നൽകിയിരുന്നു. ഭരണ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട്, ഉദ്യോഗസ്ഥ പരിഷ്ക്കാര കമ്മിഷൻ റിപ്പോർട്ട്, ശമ്പള പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്നിവയാണ് സർക്കാരിന് മുന്നിലുള്ളത്. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെനന്തിൽ സമിതി ചെയർമാനും പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ കൺവീനറുമായി സമിതി നിശ്ചയിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതു ഭരണ വകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി രാജാറാം തമ്പി, പൊതുഭരണ വകുപ്പ്് റിട്ട.അഡീഷണൽ സെക്രട്ടറി എൻ കെ ശ്രീകുമാർ, ധനകാര്യ വകുപ്പ് റിട്ട.അഡീഷണൽ സെക്രട്ടറി എൻ എം രവീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
മൂന്ന് മാസത്തിനകം, സമിതി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. ഇതോടെ പല തസ്തികകളും വെട്ടിചുരുക്കുമെന്നാണ് വിവരം. ഇ ഓഫീസ് സംവിധാനമായതോടെ പ്യൂൺമാരുടെയും ഓഫീസ് അസിസ്റ്റന്റുമാരുടെയും സേവനം പല ഓഫീസുകളിലും ആവശ്യമില്ല. ഇവരെ മറ്റേതെങ്കിലും ഓഫീസുകളിലേക്ക് മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നു.

