മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഏവര്‍ക്കും മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അറിവാണ് ആയുധം അറിവാണ് പൂജ അറിവാണ് പ്രാര്‍ത്ഥന എന്ന കാര്‍ഡ് പങ്കുവച്ച് മന്ത്രി ഫേസ്ബുക്കില്‍ ആശംസകള്‍ നേരുകയായിരുന്നു.

വിജയദശമിയിലെ വിദ്യാരംഭത്തെ കുറിച്ചറിയാം…

വിദ്യയുടെ ആരാധനയാണ് നവരാത്രി നാളില്‍ നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാര്‍ത്ഥികള്‍ സരസ്വതി ദേവിയെ പൂജിക്കുന്നു. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, ഈ മൂന്ന് ദിവസങ്ങള്‍ക്കാണ് വിദ്യാ ദേവതയുടെ ആരാധനയില്‍ ഏറ്റവും അധികം പ്രാധാന്യം കല്‍പ്പിക്കപ്പെട്ടുന്നത്. നവരാത്രി കാലത്ത് അവരവരുടെ കര്‍മ്മോപകരണങ്ങള്‍ ഭക്തിയോടെ പൂജിക്കുന്നു. പല രീതിയിലാണ് വിവിധ ഭാഗങ്ങളില്‍ നവരാത്രി കൊണ്ടാടുന്നത്. ദുര്‍ഗ്ഗാഷ്ടമി ദിവസമാണ് ഗ്രന്ഥങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ പൂജയ്ക്ക് വെക്കുന്നത്. പൂജവെച്ചാല്‍ എഴുത്തും വായനവും മറ്റു കര്‍മ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.

സീതാപഹരണത്തിനു ശേഷം കിഷ്‌കിന്ധയില്‍ വച്ചാണ് രാമന്‍ നവരാത്രി വ്രതം ആദ്യം തുടങ്ങിയതെന്നാണ് ഐതിഹ്യം. ആ വ്രതം എല്ലാവരും വരും നാളുകളില്‍ അനുഷ്ടിക്കണമെന്ന് നിര്‍ബന്ധമാക്കിയത് സുദര്‍ശന്‍ എന്ന രാജാവായിരുന്നുവെന്നും വിശ്വസിക്കുന്നു! വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്മി, വാഗീശ്വരി, ഗായത്രി അങ്ങനെ പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തര്‍ ഈ ദിവസങ്ങളില്‍ ആരാധിക്കാറുണ്ട്. മയില്‍ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാര്‍ച്ചന കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീര്‍ത്തനങ്ങള്‍ ശ്രീ സ്വാതി തിരുനാള്‍ ചിട്ടപ്പെടുത്തിയതാണ് പില്‍ക്കാലത്ത് ആചാരമായത്.