പ്രകോപനവുമായി ഉത്തരകൊറിയ; ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു

പ്യോങ്യാഗ്: ജപ്പാന് നേരെ പ്രകോപനവുമായി ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെ ഉത്തരകൊറിയ ആക്രമണം നടത്തുന്നത്.

ഉത്തരകൊറിയയുടെ നീക്കത്തെ തുടർന്ന് ജപ്പാനിൽ ഏതാനും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് സർക്കാർ ജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു. മിസൈൽ ജപ്പാന് മുകളിൽ കൂടി പറന്നെന്നും പസഫിക് സമുദ്രത്തിൽ അത് പതിച്ചുവെന്നും ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉത്തകൊറിയയുടേത് അശ്രദ്ധമായ ഒരു നടപടിയാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ കൗൺസിൽ വിളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

22 മിനിറ്റോളം മിസൈൽ ജപ്പാന് മുകളിലൂടെ പറന്നു. തുടർന്ന് രാജ്യത്തിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയിൽ പതിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേർത്തിട്ടുണ്ട്.