യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ അതൃപ്തിയുമായി രാജ്ഭവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും പോരിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവൻ അതൃപ്തി രേഖപ്പെടുത്തി. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നും രാജ്ഭവൻ വിമർശിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങൾ രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്നും രാജ്ഭവൻ വ്യക്തമാക്കി. മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിയപ്പോഴാണ് യാത്രയെ കുറിച്ച് ഗവർണറെ അറിയിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം ആരംഭിച്ചു. പുലർച്ചെ 3.30-ന് കൊച്ചിയിൽ നിന്നാണ് അദ്ദേഹം വിമാനം കയറിയത്. നോർവേയിലേക്കാണ് ആദ്യ സന്ദർശനം നടത്തുന്നത്.

പി രാജീവ് വി അബ്ദുറഹ്മാൻ തുടങ്ങിയ മന്ത്രിമാർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നോർവ്വേയിൽ സന്ദർശനം നടത്തിയ ശേഷം ബ്രിട്ടനിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജായിരിക്കും ഈ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നത്.

രണ്ട് ദിവസം മുൻപ് ഫിൻലൻഡ് പര്യടനത്തോടെ യാത്ര ആരംഭിക്കാനായിരുന്നു മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മോശമായതിനാൽ അവസാന നിമിഷം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.