തിരുവനന്തപുരം: ശശി തരൂരിനെതിരെ പിസിസികൾ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതിയുടെ നിർദേശങ്ങൾ അവഗണിച്ചാണ് പിസിസികൾ ശശി തരൂരിനെതിരെ രംഗത്തെത്തിയത്. മത്സരത്തിൽ നിന്ന് ശശി തരൂർ പിന്മാറണമെന്ന് തെലങ്കാന പിസിസി ശശി തരൂരിനോട് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ തരൂരിന് വലിയ സ്വീകരണം ലഭിച്ചതിന് പിന്നാലെയാണ് പിസിസി അധ്യക്ഷൻ മല്ലു ഭട്ടി വിക്രം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
പിസിസികൾ ഏതെങ്കിലും സ്ഥാനാർത്ഥിയെ പിന്തുണച്ചോ എതിർത്തോ രംഗത്തെത്തരുതെന്നായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി നൽകിയിരുന്ന നിർദ്ദേശം. ഇത് ലംഘിച്ചാണ് തെലങ്കാന പിസിസി തരൂരിനെതിരെ പരാമർശം നടത്തിയത്. എന്നാൽ, പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കൂടി മൗനാനുവാദത്തോടെയാണ് പിസിസി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ശശി തരൂർ വിഭാഗത്തിന്റെ ആരോപണം. പിസിസികൾ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള വേദിയാകരുതെന്നും ഇവർ പറയുന്നു.
അതേസമയം, കോൺഗ്രസ് കഴിഞ്ഞ ദിവസം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണമെന്നും ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുതെന്നും മാർഗനിർദ്ദേശത്തിലുണ്ട്. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.
ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് പിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർമാർ ആയ പിസിസി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം. പിസിസി അധ്യക്ഷൻമാർ യോഗം വിളിക്കരുതെന്നും നിർദ്ദേശമുണ്ട്.
ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുമെന്നും അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പരസ്പരം ദുഷ്പ്രചാരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണമെന്നും നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

