250 രൂപക്ക് മൂന്നു മണിക്കൂര്‍ കായല്‍ യാത്രയും, നാടന്‍ ഊണും; ഹിറ്റായി ‘സീ കുട്ടനാട്’

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ കീഴില്‍ രംഗത്തിറക്കിയ പുതിയ ‘സീ കുട്ടനാട്’ ബോട്ടില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. ഇരുനില ബോട്ടില്‍ കുടുംബശ്രീയുടെ വക നാടന്‍ വിഭവങ്ങളാണ് ഉച്ചഭക്ഷണമായി നല്‍കുന്നത്. വൈകിട്ടുള്ള ട്രിപ്പില്‍ ലഘുഭക്ഷണവും ലഭ്യമാണ്. കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ സമയം ചെലവഴിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്.

അതേസമയം, ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നു മുതല്‍ ആറ് വരെയുമാണ് സര്‍വീസ്. മുകള്‍ നിലയ്ക്ക് 300 രൂപയും താഴത്തെ നിലയില്‍ 250 രൂപയുമാണ് സീറ്റൊന്നിന് നിരക്ക്. പുന്നമട ഫിനിഷിംഗ് പോയിന്റ്, സ്റ്റാര്‍ട്ടിംഗ് പോയന്റ്, സായി കേന്ദ്രം, മാര്‍ത്താണ്ഡം കായല്‍, കമലന്റെ മൂല, രംഗനാഥ്, സി ബ്ളോക്ക്, വട്ടക്കായല്‍, ചെറുകായല്‍, കൈനകരയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങള്‍ ‘ടച്ച്’ ചെയ്താണ് ഒരുവശത്തേക്കുള്ള റൂട്ട്. തുടര്‍ന്ന് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോര്‍ട്ട് വഴി ആലപ്പുഴയിലെത്തും.