പോലീസ്-ജയില്‍ സേനകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ കോടിയേരിയിലെ ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടിയന്തരാവസ്ഥ കാലത്ത് തടവുകാരനായി കണ്ണൂര്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം പോലീസ്-ജയില്‍ സേനകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തര മന്ത്രിയെ കോടിയേരിയില്‍ കേരളം കണ്ടു.

കേരളത്തിലെ ആഭ്യന്തര മന്ത്രിയായതിനു ശേഷം സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുതല്‍ ജനമൈത്രി പോലീസ് വരെ കോടിയേരിയുടെ പരിഷ്‌കാര സംവിധാനങ്ങളായിരുന്നു. പോലീസിനെ ജനങ്ങളുമായി അടുപ്പിക്കാന്‍ കോടിയേരി ശ്രമിച്ചു. അദ്ദേഹത്തിന്റെ കാലത്ത് തന്നെയാണ് പോലീസുകാര്‍ക്ക് ആദ്യമായി ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നടപ്പിലാക്കിയതും. ജയിലുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വന്നു. ചപ്പാത്തി ഉള്‍പ്പെടെ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങി. ജയിലില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടായി. ഗോതമ്പുണ്ടയെ ജയിലിന്റെ പടിക്കു പുറത്താക്കി. പുതിയ വിഭവങ്ങള്‍ വന്നു. ജയില്‍ മോചിതരാകുന്നവര്‍ക്ക് സ്വന്തമായി തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ വന്നു.

കൂടാതെ, ജയിലുകളിലെ ആധുനികവല്‍ക്കരണത്തിന് കൂടുതല്‍ തുക ലഭിച്ചതും കോടിയേരിയുടെ കാലത്താണ്. ഇതിന്റെ ഭാഗമായി സോളാര്‍ പാനലും സിസിടിവിയും ആധുനിക മെറ്റല്‍ ഡിറ്റക്ടറുകളുമെല്ലാം ജയിലുകളിലെത്തി. കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയില്‍ ഉദ്ഘാനവും കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തന്നെയായിരുന്നു.